ചെറിയനാട് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കൊല്ലങ്ങൾക്കു മുമ്പ് ഈപ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗം കായംകുളം രാജാവിന്റേയും കിഴക്കുഭാഗം പന്തളംരാജാവിന്റേയും അധീനതയില്‍ ആയിരുന്നുവെന്നും അവരുതമ്മില് പടവെട്ടിയതിന്റെ പ്രതീകമായാണ് പടനിലം എന്ന പേര് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തിന് ലഭിച്ചതെന്നും കേൾക്കുന്നു. കായംകുളം രാജാവ് പണികഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം ചെറിയനാടിന്റെ പരദേവനായ സുബ്രഹ്മണ്യന്റെ പേരിലുള്ളതാണ്. ഞാഞ്ഞൂക്കാട്, ചെറുവല്ലൂര്‍ , ചെറുമിക്കാട്, മാമ്പ്ര, കുരണ്ടിപ്പള്ളിശ്ശേരി, അരിയുണ്ണിശ്ശേരി, കടയിക്കാട്, ഇടമുറി, അത്തിമൺചേരി, മണ്ടപരിയാരം, ഇടവങ്കാട്, തുരുത്തിമേല്‍ ,മൂലിയോട് എന്നീ പതിമൂന്നുകരക്കാരുടെ വകയായി ക്ഷേത്രത്തിലെ പുറപ്പാട് മഹോത്സവത്തിൽ പ്രസിദ്ധമായ പള്ളിവിളക്ക് ദേവനെ അകമ്പടിസേവിച്ചിരുന്നു. ഭക്തിനിര്ഭരവും നയനാനന്ദകരവുമായ ഈ കാഴ്ചകാണാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ എത്തിച്ചേർന്നിരുന്നു. ജനപങ്കാളിത്തത്തിന്റെ ഉദാത്തമാതൃകയായി പാമ്പനംപുഞ്ചയിൽ നിന്ന് അച്ചൻകോവിലാറിലേക്ക് ഉദ്ദേശം ഒരുകിലോമീറ്റർ നീളത്തിൽ ഒരു മലയ്ക്കു കുറുകെ നാട്ടുകാർ ചേർന്ന് വെട്ടിയ കല്ലടാന്തി-കുറവഴത്തോട് നിലകൊള്ളുന്നു. ഈ തോടിന്റെ നിർമ്മാണത്തിന് ഭക്ഷണം നൽകിയ വകയിൽ 36 പറജീരകത്തിന്റെ ചിലവുണ്ടായതായി പഴമക്കാർ ഓർമിക്കുന്നു. ചെറിയനാടുക്ഷേത്രം വകയും വഞ്ഞിപ്പുഴമഠം വകയും ആയ ധാരാളം ഭൂമി ഇവിടുത്തെ കൃഷിക്കാരുടെ കൈവശമുണ്ടായിരുന്നുവെങ്കിലും 1959-ലെ ഭൂപരിഷ്ക്കരണ നിയമത്തിനുശേഷം മാത്രമാണ് കുടിയായ്മാവകാശം ജന്മാവകാശമായികിട്ടിയത്. പുരാതനവും പ്രസിദ്ധവുമായ കൊല്ലകടവ് മുസ്ളീംപള്ളിയും, എടവങ്കാട്ട് ക്രീസ്തീയദേവാലയവും കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ദാരു ശില്പ വിദഗ്ധരായ ഇടവങ്കാട് ആശാരിമാർ ചെറിയനാടിന്റെ അഭിമാനമായിരുന്നു. ഈ കുടുംബത്തില്പ്പെട്ട കൊച്ചുകുഞ്ഞാചാരിഗോവിന്ദനാചാരിക്ക്ശ്രീമൂലംതിരുനാള് മഹാരാജാവില്‍ നിന്ന്പട്ടുംവളയുംസമ്മാനമായിലഭിച്ചിട്ടുണ്ട്. 19 ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മിഷനറിമാർ ആരംഭിച്ച കോക്കാപ്പള്ളി സി.എം.എസ്.എൽ പി സ്കൂൾ ഈ പഞ്ചായത്തിലെ ഏറ്റവുംപഴക്കം ചെന്ന വിദ്യാലയമാണ്. നൂറു വര്ഷത്തിലേറെ പഴക്കമുള്ള ചെറിയനാട്ജെ.ബി.എസ് സ്കൂള്‍ ഈപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്. കൊല്ലകടവ് മുഹമ്മദൻസ് യു.പി.സ്കൂളും വളരെപഴക്കമുള്ള വിദ്യാലയമാണ്. സചിവോത്തമവിലാസം എന്നപേരില്‍ അറിയപ്പെട്ടിരുന്ന മലയാളം പള്ളിക്കൂടമാണ് 1953-ല്‍ ശ്രീവിജയേശ്വരി ഗേള്ൾസ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. ഇതേവര്ഷം തന്നെ തിരുവിതാംകൂര് ദേവസ്വംബോര്ഡിന്റെ വകയായി ബോയ്സ് ഹൈസ്കൂളും സ്ഥാപിതമായി. 1981ലാണ്ചെറിയനാട്പഞ്ചായത്തില് ചെങ്ങന്നൂർ എസ്എൻ കോളേജ്സ്ഥാപിതമായത്. ഇത് ഒരു ഒന്നാംഗ്രേഡ്കോളേജാണ്. 1952-ല്‍ കൊല്ലകടവുപാലം പണിയുന്നതിന് മുമ്പ് ചെങ്ങന്നൂർ - മാവേലിക്കര താലൂക്കുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ചങ്ങാടക്കടത്ത് ഉണ്ടായിരുന്നു. 1984-ലാണ് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം ഉണ്ടായത്. പ്രഥമ പഞ്ചായത്തു പ്രസിഡന്റ് ജി.നാരായണൻ ഉണ്ണിത്താന് ആയിരുന്നു. ചെറിയനാടുപഞ്ചായത്തില് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആദ്യമായി നിലവിൽ വരുന്നത് 1-1-1954-ൽ ആണ്.